Tuesday, June 26, 2012

ബനാത്ത്‌വാല - വാക്കിലും പ്രവൃത്തിയിലും മാന്യന്‍

ബനാത്ത്‌വാല - വാക്കിലും പ്രവൃത്തിയിലും മാന്യന്‍: ശിഹാബ് തങ്ങള്‍

വെറും രാഷ്ട്രീയം സംസാരിക്കാന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌ വാല ഒരിക്കലും എഴുന്നേറ്റിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും സമൂഹത്തിന്റെ ഏതെങ്കിലുമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അദ്ദേഹം സംസാരിക്കുമ്പോള്‍ ഭൂരിപക്ഷവികാരങ്ങള്‍ ഒരിക്കലും വ്രണപ്പെട്ടിരുന്നില്ല.അത്രയ്‌ക്ക്‌ സൂക്ഷ്‌മതയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്‌.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ബനാത്ത്‌വാലതന്നെ അവതരിപ്പിക്കട്ടെ എന്ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ ഒന്നിലേറെ തവണ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതായിരുന്നു ജി.എം. ബനാത്ത്‌വാല. ന്യൂനപക്ഷത്തിനു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ തീരാനഷ്‌ടമാണ്‌ ബനാത്ത്‌വാലയുടെ വിയോഗം. അദ്ദേഹം മുസ്‌ലിംലീഗിനുവേണ്ടി സംസാരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സംസാരിച്ചു, അവശതയനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സംസാരിച്ചു. ശരീയത്ത്‌ വിവാദം കത്തിനിന്ന കാലത്ത്‌ ബനാത്ത്‌ വാലയുടെ ഓരോ വാക്കിനുവേണ്ടി പാലര്‍മെന്റ്‌ നിശ്ശബ്ദമായി. അദ്ദേഹത്തെ പാലര്‍ലമെന്റിലേക്കയച്ച പൊന്നാനിയുടെ പുണ്യം കൂടിയാണ്‌ അത്‌.

രാഷ്ട്രീയത്തില്‍ ജീവിതാന്ത്യംവരെ സക്രിയമാകാന്‍ ബനാത്ത്‌വാലയ്‌ക്ക്‌ കഴിഞ്ഞു. ചൊവ്വാഴ്‌ച ചെന്നൈയില്‍ വലിയൊരു പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്‌തു. ഇനിയും ഒരുപാട്‌ സേവനങ്ങള്‍ സമൂഹത്തിന്‌ ലഭിക്കാനിരിക്കെയാണ്‌ ആ വിയോഗം.

ബാഫക്കി തങ്ങളുടെ കാലത്താണ്‌ അദ്ദേഹം കേരളരാഷ്ട്രീയത്തിലേക്ക്‌ ക്ഷണിക്കപ്പെടുന്നത്‌. മുംബൈയില്‍ മലയാളികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ മണ്ണിന്റെ വാദവും വര്‍ഗീയ വികാരവും ഇളക്കിവിട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ബനാത്ത്‌ വലായുടെ ശബ്ദം ഉയര്‍ന്നു. മഹാരാഷ്ട്ര നിയമസഭയിലേക്കെത്താന്‍ ഈ പോരാട്ടം അദ്ദേഹത്തിന്‌ തുണയായി. നിയമസഭയിലെ പിന്നീടുള്ള പോരാട്ടങ്ങള്‍ അദ്ദേഹത്തിന്‌ അഖിലേന്ത്യാ ശ്രദ്ധ നേടിക്കൊടുത്തു. ഇതു ശ്രദ്ധിച്ച ബാഫഖിതങ്ങളും പഴയകാല നേതാക്കളും ബനാത്ത്‌വാലയെ കേരളത്തിലേക്ക്‌ ക്ഷണിച്ചു. തുടര്‍ന്ന്‌ പാര്‍ലമെന്റിലേക്കയച്ചു.

ഇക്കാലത്താണ്‌ ബനാത്ത്‌വാലയുമായി ഞാന്‍ വ്യക്തിപരമായി അടുക്കുന്നത്‌. അന്നുമൊട്ടിട്ട സൗഹൃദം ഇക്കാലമത്രയും തുടര്‍ന്നു. സംസ്ഥാന നേതൃത്വത്തിലേക്ക്‌ ഞാനും കുഞ്ഞാലിക്കുട്ടിയുമൊക്കെ എത്തിയപ്പോള്‍ അദ്ദേഹത്തിന്‌ മികച്ച പിന്തുണ നല്‍കി. പൊന്നാനിയില്‍ നിന്ന്‌ അദ്ദേഹം തുടരെ തുടരെ ലോക്‌സഭയിലേക്കുപോയി. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ലോക്‌സഭയുടെ പോരാട്ടങ്ങള്‍ പൊന്നാനിക്കാര്‍ ശ്രദ്ധിച്ചു. ഇതിന്‌ ഭാഷയും ദേശവും മറന്ന്‌ പൊന്നാനി പിന്തുണ നല്‍കി. ഒരു അന്യനാട്ടുകാരനെ തുടരെ ലോക്‌സഭയിലേക്കയച്ച്‌ പൊന്നാനിയും ചരിത്രം സൃഷ്‌ടിച്ചു.

ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന്‌ കൊടപ്പനക്കല്‍ തറവാട്ടില്‍വന്ന്‌ സ്വയം പ്രഖ്യാപിക്കുംവരെ പൊന്നാനി ബനാത്ത്‌വാലയുടെ പിന്നില്‍ ഉറച്ച പിന്തുണയുമായി നിന്നു. പാര്‍ലമെന്റ്‌ രാഷ്ട്രീയംവിട്ട അദ്ദേഹം പാര്‍ട്ടിക്കും സമൂഹത്തിനുമായി ശിഷ്‌ടകാലം നീക്കിവെച്ചു.

എം.പി അല്ലാതായ കാലത്തും ബനാത്ത്‌വാല കേരളവുമായി ബന്ധം തുടര്‍ന്നു. കേരളത്തില്‍ വരുമ്പോഴൊക്കെ അദ്ദേഹം മലപ്പുറത്തെത്തുമായിരുന്നു. തന്നെ തിരഞ്ഞെടുത്തയച്ച മണ്ഡലത്തിനോട്‌ പിതൃവാത്സല്യമായിരുന്നു അദ്ദേഹത്തിന്‌. ജില്ലയുടെ റോഡുകളുടെ വികസനത്തിന്‌ നല്‍കിയ സംഭാവനകള്‍ വലുതായിരുന്നു.

വാക്കിലും പ്രവൃത്തിയിലും മാന്യന്‍, എതിരാളികളോടും സൗഹൃദം കലര്‍ന്നുമാത്രം സംസാരം, ന്യൂനപക്ഷ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മൊത്തം പ്രശ്‌നമായി കാണാനുള്ള തിരിച്ചറിവ്‌, പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കൂറ്‌ ഇതൊക്കെ ബനാത്ത്‌ വാലയെ വ്യത്യസ്‌തനാക്കി. ഇനിയിതുപോലൊരു നേതാവ്‌ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

ഡല്‍ഹിയില്‍ രാഷ്ട്രീയം ചൂടുപിടിക്കുന്ന ഈ അവസരത്തില്‍ ബനാത്ത്‌വാലയുടെ നിര്യാണം നികത്താനാവാത്ത വിടവാണ്‌ ഉണ്ടാക്കിയത്‌. കഴിഞ്ഞദിവസം ഡല്‍ഹി രാഷ്ട്രീയത്തെക്കുറിച്ച്‌ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംസാരിക്കാന്‍ ഇനിയുമേറെ ഉണ്ടായിരുന്നു. പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ അദ്ദേഹം ജാഗ്രതയോടെ കാവലിരുന്നു. രാഷ്ട്രീയ ചരിത്രപണ്ഡിതന്‍, മികച്ച പാര്‍ലമെന്‍േററിയന്‍, എഴുത്തുകാരന്‍, വാഗ്‌മി, ഗ്രന്ഥകാരന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക്‌ അദ്ദേഹം അര്‍ഹനായി. അവിസ്‌മരണീയമാണ്‌ ബനാത്ത്‌വാലയുടെ സംഭാവനകള്‍. വേദനാജനകമാണ്‌ ആ വിയോഗം; തീരാനഷ്‌ടമാവും.

0 comments:

Post a Comment