Wednesday, September 20, 2017

ആത്മാഭിമാനത്തിന്റെ തലയെടുപ്പ്


നിങ്ങളുടെ കയ്യിലെ പണത്തിന് മൂല്യമില്ല. രാജ്യ സ്‌നേഹം തെളിയിക്കാന്‍ ക്യൂ നില്‍ക്കുക’. ഒരു രാത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞപ്പോള്‍ ലോകം ഞെട്ടിത്തരിച്ചു. 86 ശതമാനം വരുന്ന ഇന്ത്യന്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അതിനോട് സാമ്പത്തിക രംഗത്തുള്ളവര്‍ പല രീതിയിലാണ് പ്രതികരിച്ചത്. പാര്‍ലമെന്റില്‍ വിശ്വ പ്രശസ്തനായ സാമ്പത്തിക വിദഗ്ധന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എഴുനേറ്റു നിന്നപ്പോള്‍ ലോകം കാതോര്‍ത്തു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിളക്കുന്നതാണ് നോട്ടുനിരോധനമെന്ന് മന്‍മോഹന്‍സിങ് ആഞ്ഞടിച്ചു. ഭരണപക്ഷം പുച്ഛിച്ച് തള്ളി. പക്ഷെ, മാസങ്ങള്‍ക്കിപ്പുറം സാമ്പത്തിക കൂപ്പുകുത്തല്‍ തിരിച്ചറിഞ്ഞപ്പോള്‍, ഡോ. മന്‍മോഹന്‍ സിങിന്റെ വിശകലനം ആശാരി മുറിച്ചാല്‍ കോലൊപ്പിച്ച് എന്ന പഴഞ്ചൊല്ലിലെ കൃത്യതയാണ് ദര്‍ശിച്ചത്.
പാര്‍ലമെന്റ് രേഖകളിലും രാജ്യത്തിന്റെ പൊതുബോധത്തിലും തിരുത്തല്‍ രേഖയായി അദ്ദേഹത്തിന്റെ സാമ്പത്തിക നിരീക്ഷണം
ഉയര്‍ന്നുനില്‍ക്കുന്നുവെന്നതോടൊപ്പം തന്നെ ജാഗ്രതയുള്ള പൗരനെ സജ്ജമാക്കുകയും ചെയ്യുന്നു. എന്താണ് വസ്തുത, യാഥാര്‍ത്ഥ്യം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തി കാര്യങ്ങളെ വിശകലനം ചെയ്തു അവതരപ്പിക്കുന്ന രാഷ്ട്രീയ സാമൂഹ്യ നേതാക്കളെയാണ് കാലം ഇത്തരം സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ തേടുക. അതിന് നിശിതമായ രാഷ്ട്രീയ ചരിത്ര ബോധവും സാമൂഹ്യ ശാസ്ത്രങ്ങളുടെ പിന്‍ബലമുള്ള കരുത്തുറ്റ വിശകലന പാടവവും ന്യായാന്യായങ്ങളെ വിവേചിച്ചറിയാനും തിരുത്താനുമുള്ള ആര്‍ജ്ജവവുമുള്ളവര്‍ക്കേ കഴിയൂ. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍, ഗുലാം മഹ്മൂദ് ബനാത്ത് വാലയെക്കുറിച്ചോര്‍ക്കുക എന്നത് പോലും ഊര്‍ജ്ജമായി നിറയും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടും മികച്ച പാര്‍ലമെന്റേറിയനും ഗ്രന്ഥകാരനും നിയമപണ്ഡിതനുമായിരുന്ന ബനാത്ത് വാലയുടെ വിയോഗത്തിന് ഇന്ന് ഒമ്പതാണ്ട് തികയുമ്പോള്‍ അദ്ദേഹത്തെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ കൂരിരുട്ടില്‍ ശരറാന്തലായി വഴിതെളിക്കുമെന്ന് ഉറപ്പിച്ച് പറയാനാവും.
അതിരുകളില്ലാത്ത ഹിംസ, അന്ധമായ ദേശഭക്തി, ബുദ്ധിക്കു നിരക്കാത്ത പശുസ്‌നേഹം എന്നിവ ഉയര്‍ത്തിപ്പിടിച്ചു ഫാസിസം ജനാധ്യപത്യത്തെ മൂക്കുകയറിട്ടു വലിക്കുന്ന വര്‍ത്തമാനത്തിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍, പരസ്പരാനുഭാവത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക നീതി എന്നിവ നിലതെറ്റി വീഴുന്നു. കടംകയറി പാപ്പരായിത്തീര്‍ന്ന സമരമുഖത്തെത്തിയ കര്‍ഷകര്‍ വെടിയേറ്റു പിടഞ്ഞു വീഴുന്നു. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും അഭിമാനവും അതിജീവനവും തെരുവുകളില്‍ പരസ്യമായി കഴുവേറ്റപ്പെടുന്നു. ഗോഹത്യ എന്നത് ഗോക്കളെ കൊല്ലലല്ല, മറിച്ച് ഗോക്കളുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ ഹത്യ ചെയ്യലും അരക്ഷിതരാക്കലുമാണെന്നു വന്നിരിക്കുന്നു. ഫാസിസം നമ്മുടെ രാജ്യത്തെത്തിയോ എന്നതിനെക്കുറിച്ച് ഗവേഷണം ചെയ്യേണ്ട ആവശ്യമില്ല.

വസ്തുതകളെ കുറിച്ചുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുകയും ആ പുകമറക്കുള്ളില്‍ മുതലെടുപ്പ് നടത്തുകയുമാണ് ഫാസിസത്തിന്റെ രീതിശാസ്ത്രം. അവ്യക്തതകളുടെ ഘോഷയാത്രകളായിരിക്കും അവര്‍ ഉത്പാദിപ്പിക്കുക. പ്രമാദവും ജനദ്രോഹപരവുമായ നോട്ടുമാറ്റത്തിലൂടെ രാജ്യം അത് തിരിച്ചറിഞ്ഞു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ മറപറ്റി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി വിപണനം നിരോധിച്ചത് ഒടുവിലെ ഉദാഹരണമായെടുക്കാം. കന്നുകാലി വ്യവസായത്തിലൂടെ ഉപജീവനം നടത്തുന്ന മാംസ, തുകല്‍ വ്യാപാര രംഗത്ത് ഏര്‍പ്പെടുന്ന ദലിതുകളെയും മുസ്്‌ലിംകളെയുമാണ് പ്രത്യക്ഷത്തില്‍ ഏറ്റവും ബാധിക്കുക. പരോക്ഷമായി, യഥാര്‍ത്ഥ ഗോ പരിചരണക്കാരായ ക്ഷീരകര്‍കരെയാണ് ദുരിതത്തിലേക്ക് എടുത്തെറിയുകയെന്നത് എല്ലാ പഠനങ്ങളും പറയുന്നു. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവും ജാതീയവും മതപരവുമായ വേര്‍തിരിവും അതിലൂടെ വോട്ട്ബാങ്ക് ലക്ഷ്യമാക്കുകയും ചെയ്യുകയാണ് ഭരണകൂടം.

അസഹിഷ്ണുത കൊടികുത്തിവാഴുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിന്റെ വേറൊരു തീക്ഷ്ണ കാലാവസ്ഥയിലാണ് മാനുഷിക മൂല്യങ്ങളും സ്വത്വവും സംരക്ഷിക്കാന്‍ ബനാത്ത്‌വാല പാര്‍ലമെന്റില്‍ തലയെടുപ്പോടെ പൊരുതിയത്. ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകളും ലിബറല്‍ പുരോഗമന നാട്യക്കാരായ ഇടതുപക്ഷവും ന്യൂനപക്ഷങ്ങളെ ആശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോഴെല്ലാം ഖാഇദെമില്ലത്തും സേട്ടുസാഹിബും എന്നപോലെ ബനാത്തുവാല സാഹിബും സംരക്ഷണ കവചമൊരുക്കി. അവകാശപ്പോരാട്ടത്തിന്റെയും ശരീഅത്ത് സംരക്ഷണത്തിന്റെയും ചുമതലയേറ്റെടുത്ത നിയമജ്ഞാനവും ചുമതലാബോധവും പാണ്ഡിത്യബോധവുമുള്ള രാഷ്ട്രീയക്കാരനായിരുന്നു ബനാത്ത്‌വാല. പാര്‍ലമെന്റേറിയനാവാന്‍ ജനിച്ച നേതാവായിരുന്നു അദ്ദേഹം. എല്ലാം തികഞ്ഞ ഒരു ബോണ്‍ പാര്‍ലമെന്റേറിയന്‍ എന്ന് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം. 1984 ല്‍ ഇന്ത്യാ ടുഡേ ഇന്ത്യയിലെ മികച്ച പത്ത് പാര്‍ലമെന്റേറിയന്മാരെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ ബനാത്ത്‌വാലയായത് ആകസ്മികമല്ല. ബനാത്ത്‌വാല സംസാരിക്കുന്ന ദിവസം ഇന്ദിരാഗാന്ധി സഭയില്‍ ഹാജറാകാന്‍ ബദ്ധശ്രദ്ധ കാണിക്കാറുണ്ടായിരുന്നു എന്ന രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കംപറച്ചില്‍ അദ്ദേഹത്തിനു കിട്ടിയ മറ്റൊരു സാക്ഷ്യപത്രമാണ്.

ബോംബെ നഗരസഭയിലെയും മഹാരാഷ്ട്ര നിയമസഭയിലെയും ഇന്ത്യന്‍ പാര്‍ലമെന്റിലെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇടപെടലുകളും മാതൃകായോഗ്യനായ സമാജികന്റെ ജാഗ്രതയായി ജനകോടികള്‍ക്ക് ആത്മരക്ഷ കുറിച്ചു. ഗോവധനിരോധവുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ ശക്തികള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് 1967 ജൂണ്‍ 23ന് മഹാരാഷ്ട്ര നിയമസഭയില്‍ ജി.എം ബനാത്ത്‌വാല പ്രസംഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി ഇരുപത് വര്‍ഷത്തിനു ശേഷം, (അമ്പത് കൊല്ലം മുമ്പ്) നടത്തിയ ആ പ്രഭാഷണത്തില്‍ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഒന്ന്, ഗോക്കള്‍ ഒരു വിഭാഗത്തിന് വിശുദ്ധമാണെന്ന് പറുമ്പോള്‍ അനേകം ഇതര മതസ്ഥര്‍ക്കും വിശ്വാസികള്‍ക്കും അതങ്ങനെയല്ല. ഒരു കൂട്ടരുടെ മത വികാരങ്ങളെ മാനിക്കുമ്പോള്‍ ഇതര വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെ ധ്വംസിക്കലുമാണ്. ആരുടെയെങ്കിലും മതത്തെ അപഹസിക്കാനല്ല മറിച്ച് സാമ്പത്തികമായ കാരണങ്ങളാലാണ് കാലികളെ ബലി ചെയ്യുന്നത്. അതാണ് അദ്ദേഹം രണ്ടാമായി പറയുന്നത്. ഗോവധം നടപ്പിലാക്കുന്നതിനു മുമ്പ് അതുണ്ടാക്കാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച്, അതാരെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം.

മൂന്നാമതായി, 1960-61 വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബനാത്ത് വാല പറഞ്ഞു, 20 ലക്ഷം കാലികളില്‍ 3750 എണ്ണം മാത്രമാണ് മഹാരാഷ്ട്രയില്‍ ഗോഹത്യക്ക് വിധേയമായിരിക്കുന്നത്. തുച്ഛമായ ഈ കണക്കുയര്‍ത്തി സംസ്ഥാനത്തുടനീളം ഗോഹത്യ നടക്കുന്നു എന്ന വാദം പൊള്ളയാണ്. 34ാമത്തെ വയസ്സില്‍ ചെയ്ത ഈ നിയമസഭാ പ്രസംഗത്തില്‍ തന്നെ ഇരുത്തം വന്ന ഒരു സാമാജികന്റെ കൈത്തഴക്കം കാണാനാവും. കണക്കുകളുദ്ധരിച്ച്, ഭരണഘടനയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്തി, സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ നല്‍കി പ്രശ്‌നങ്ങളുടെ കുരുക്കുകള്‍ എങ്ങനെ അഴിക്കണമെന്ന് അദ്ദേഹം കാണിച്ചു തരുന്നു. ബനാത്ത് വാല പലപ്പോഴായി സഭയില്‍ ഉന്നയിച്ച വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും പില്‍ക്കാലത്ത്് സച്ചാര്‍ കമ്മീഷന്‍ റിപ്പോട്ടുള്‍പ്പെടെയുള്ളവയില്‍ വന്നതുമതി, അദ്ദേഹത്തിന്റെ പാണ്ഡിത്യം ദര്‍ശിക്കാന്‍.
മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന ബനാത്ത് വാല നിര്‍ബന്ധിത വന്ധ്യംകരണ ബില്ലിനെതിരെ നടത്തിയ പോരാട്ടം ഐതിഹാസികമാണ്. രണ്ടു മക്കളുണ്ടായിക്കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാകണമെന്ന് അനുശാസിക്കുന്നതായിരുന്നു പ്രസ്തുത ബില്ല്. സഭക്കകത്ത് അദ്ദേഹത്തിന്റെ വിയോജിപ്പോടെയാണ് ബില്ല് പാസായാത്. തുടര്‍ന്ന് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ഇതിനകം ബനാത്ത്‌വാല ബില്ലിനെതിരെ ലക്ഷക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിച്ചു രാഷ്ട്രപതിക്കയച്ചു. പ്രസിഡണ്ട് വി.വി ഗിരി ജനഹിതം മാനിച്ച്, പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ല് തിരിച്ചയക്കുകയായിരുന്നു. ഉത്തരവാദിത്വബോധമുള്ള പാര്‍ലമെന്റേറിയന്റെ ചടുലതയും ജാഗ്രതയും രാജ്യം തിരിച്ചറിഞ്ഞ അപൂര്‍വ നിമിഷങ്ങളായിരിന്നു അത്. മണ്ണിന്റെ മക്കള്‍വാദവും ഭാഷാഭ്രാന്തും അധോലോകത്തിന്റെ ഇടപെടലും കൊലപാതകങ്ങളും കുഴമറഞ്ഞിരുന്ന ബോംബെയിലെ രാഷ്ട്രീയ രംഗത്താണ് ബനാത്ത്‌വാല സംശുദ്ധമായ രാഷ്ട്രീയപ്രയാണത്തിന്റെ തുടക്കം കുറിച്ചത് എന്നോര്‍ക്കുക. ബോംബെയില്‍ മറാഠാവാദം അരങ്ങു കയ്യടക്കുകയും പുറംനാട്ടുകാരെ നായാടുകയും ചെയ്തിരുന്ന കാലത്ത് മറുനാട്ടുകാരുടെയും മലയാളികളുടെയും സുരക്ഷക്കു വേണ്ടി സാമാജികനായിരുന്ന ബനാത്ത് വാല നടത്തിയ പോരാട്ടങ്ങളും സ്മരണീയമാണ്.

1967 ലും 72 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്ര നിയമസഭയില്‍ അദ്ദേഹം മുസ്്‌ലിം ലീഗിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹജ്ജിന് പോയി തിരിച്ചു വരും വഴി ബോംബെയിലറങ്ങിയ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് ബനാത്ത് വാലയെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ക്ഷണിക്കുന്നത്. തനിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ പേര് സി.എച്ച് പാര്‍ട്ടിയില്‍ ഉന്നയിക്കുകയും അംഗീകരിച്ചെടുപ്പിക്കുകയുമായിരുന്നു. ബോംബെക്കാരനായ ബനാത്ത്‌വാല കേരള രാഷ്ട്രീയത്തിലേക്കെത്തുന്നത് 1977 ല്‍ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ ഇന്ത്യന്‍ യൂണിയല്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെയാണ്. ഏഴു തവണ (1977, 80, 84, 89, 96, 98, 99) പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി.
യാദൃച്ഛികമായിരിക്കാം, ബനാത്ത്‌വാലയും സി.എച്ചും തമ്മില്‍ രാഷ്ട്രീയ ഗുണവിശേഷങ്ങളില്‍ ചില സാമ്യങ്ങള്‍ പങ്കു വെക്കുന്നുണ്ട്. രണ്ടു പേരും മികച്ച പ്രഭാഷകരും സാമാജികരുമായിരുന്നു. സാമുദായിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്തുമ്പോഴും അവര്‍ക്കെതിരെ വര്‍ഗീയത ആരോപിക്കാന്‍ എതിരാളികള്‍ക്ക് പോലും കഴിയുമായിരുന്നില്ല. കാരണം, ഭരണഘടനയുടെയും സാമൂഹ്യ ബോധത്തിന്റെയും നിശിതമായ കാഴ്ചപ്പാടുകളോടെയാണ് അവര്‍ വിഷയങ്ങള്‍ ഓരോ വേദികളിലും ഉന്നയിച്ചിരുന്നത്. രണ്ടു പേരുടെയും സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
1977 മുതല്‍ ലോക്‌സഭാ പ്രവേശനം നേടിയതു മുതലുള്ള പൊതുജീവിതം മറ്റൊരു ദിശയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ അംബാസിഡറായി പിന്നീട് അദ്ദേഹം മാറി. ഐതിഹാസികമായ പോരാട്ടങ്ങളുടെ നാള്‍വഴികളായിരുന്നു അത്. ഏക സിവില്‍ കോഡിനെതിരെയുള്ള ഇടപെടല്‍, അലിഗഡ് മുസ്്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി എന്നിവയുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള ബില്ല്, ശാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തിലെ 1986 ലെ മുസ്‌ലിം വനിതാ സംരക്ഷണ ബില്ല്, ആരാധനാലയങ്ങളുടെ അവകാശത്തീയതി 1947 ഓഗസ്റ്റ് 15 ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന 1987 ലെ ബില്ല്… അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടം മൂര്‍ച്ചയേറിയ വാദമുഖങ്ങളവതരിപ്പിച്ചിരുന്ന ബില്ലുകള്‍ ഉപയോഗിച്ചായിരുന്നു.

സഭക്കകത്തും പുറത്തും വാദകോലാഹലങ്ങളുയര്‍ന്ന ശാബാനു ബീഗം കേസ് കാലത്തെ ബനാത്ത വാലയുടെ കര്‍ത്തവ്യനിര്‍വഹണങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്. മുസ്്‌ലിം വികാരം സഭയിലുന്നയിച്ച ബനാത്ത്‌വാല അതോടൊപ്പം വിവാഹ മുക്തയായ മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങള്‍ നല്‍കുന്ന ബില്ല് സ്വകാര്യമായി തയ്യാര്‍ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെട്ടു. സര്‍ക്കാര്‍ ഈ ബില്ല് ഔദ്യോഗികമായി അതിന്റെ ഭാഗമായി ബനാത്ത്‌വാല തന്റെ ബില്ല് പിന്‍വലിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ങൗഹെശാ ണീാലി ജൃീലേരശേീി ീള ഞശഴേെവ ീി ഉശ്ീൃരല അര േ1986 എന്ന നിലവിലുള്ള ബില്ല് അങ്ങനെയാണ് രൂപപ്പെട്ടത്. ബാബരി മസ്ജിദ് വിവാദം കത്തി നിന്ന കാലത്ത് 1987 മെയ് 8 ന് പാര്‍ലമെന്റിനു മുമ്പില്‍ ബനാത്ത്‌വാല അവതരിപ്പിച്ച ബില്ലും പിന്നീട് നിയമമായി. ചരിത്രപരമായ അവകാശത്തര്‍ക്കങ്ങളുടെ പേരില്‍ ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു പ്രസ്തുത ബില്ലിന്റെ അന്തസത്ത. അതു പ്രകാരം ആരാധാരാനലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിശ്ചയിക്കുകയുണ്ടായി.

ഞലഹശഴശീി മിറ ജീഹശശേര െശി കിറശമ, മുസ്്‌ലിം ലീഗ് ആസാദീ കോ ബാദ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ടലഹലരലേറ ജമൃസശമാലി േടുലലരവല െീള ഏ.ങ.ആമിമവേംമഹമ എന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ കൈപ്പുസ്തകമായിരിക്കേണ്ടതുണ്ട്. മുസ്‌ലം പേഴ്‌സണല്‍ ലോ, ആസാം കുടിയേറ്റ പ്രശ്‌നം, ബാബരി മസ്ജിദ്, അലിഗഡ് ജാമിഅ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി എന്നിയെക്കുറിച്ചെല്ലാമുള്ള മര്‍മസ്പര്‍ശിയായ അവലോകനങ്ങളുടെ പുസ്തകമാണത്. ന്യൂനപക്ഷ രാഷ്ട്രീയം കാര്യത്തിലെടുത്ത് പഠിക്കുന്നവര്‍ സജീവമായി പരിഗണിക്കേണ്ട പുസ്തകം.
വ്യക്തിസാമൂഹ്യ ജീവിതങ്ങളില്‍, സാമ്പത്തിക കാര്യങ്ങളില്‍ വിശുദ്ധിയുടെ വെണ്‍മ അദ്ദേഹം കാത്തു സൂക്ഷിച്ചു. നേതാവിന്റെ തലപ്പൊക്കം കാണിച്ചില്ല. വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെട്ടില്ല. കാര്യങ്ങള്‍ വിവേകത്തോടെയും തുറന്ന മനസ്സോടെയും സമീപിച്ചു. സമയനിഷ്ഠ അതീവ ശ്രദ്ധയോടെ പാലിച്ചു. കലാപ ഭൂമികകളില്‍ പോലും നിര്‍ഭയനായി കടന്നു ചെന്നു. സമുദായവികാരം ജീവിതരക്തം പോലെ കൊണ്ടു നടന്നു. വിശുദ്ധിയുള്ള ഉടുപ്പുകള്‍ ഉലഞ്ഞില്ല. വിനയം സംസാരത്തിലും പെരുമാറ്റത്തിലും ആസകലം പൂത്തു നിന്നു. ഇതെല്ലാമായിരുന്നു ഗുലാം മഹ്മൂദ് ബനാത്ത്‌വാല. വ്യക്തിപരമായി അദ്ദേഹത്തോട് അടുത്തിടപഴകാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. 2008 ജൂണ്‍ 25 നു മരണത്തിനു കീഴടങ്ങുമ്പോള്‍ അത് ഇതിഹാസമാനമുളള ഒരു നേതാവിന്റെ അരങ്ങൊഴിയലായിരുന്നു. ബനാത്ത് വാല ഒഴിച്ചിട്ട പ്രബുദ്ധതയുടെയും വിവേകത്തിന്റെയും കസേര ഇന്നും ശൂന്യമായിക്കിടക്കുന്നു. മുസ്്‌ലിം ദലിത്പിന്നാക്ക രാഷ്ട്രീയം കാറ്റിലും കോളിലും ഉലയുമ്പോള്‍ രാജ്യം സ്ഥൈര്യവും മുഴക്കവുമുള്ള വാക്കുകള്‍ക്കു വേണ്ടി ചെവിവട്ടം പിടിച്ചു കൊണ്ടിരിക്കുകയാണ്.