Saturday, June 25, 2011

ഓര്‍മകളില്‍ ബനാത്ത്‌വാല

ഗുലാം മഹമൂദ് ബനാത്ത് വാല അന്തരിച്ചിട്ട് മൂന്ന് വര്‍ഷം തികയുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് അഭിമാനകരമായി നേതൃത്വം നല്‍കിയ പ്രഗല്‍ഭ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുന്ന ദശാസന്ധിയിലാണ് നാം. മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ അനവരതം പ്രവര്‍ത്തിച്ച ഊര്‍ജ്വസ്വലനായ നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഉജ്വലവാഗ്മിയായ അദ്ദേഹം ബോംബെ നഗരത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടാണ് മുസ്ലിംലീഗിന്റെ നേതൃനിരയിലേക്ക് വന്നത്. മഹാരാഷ്ട്രയിലെ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായ നിയമസഭാ സാമാജികനായി മാറി. ഭീവണ്ടി, താന, കല്യാണ്‍ എന്നിവിടങ്ങളില്‍ അറുപതുകളുടെ തുടക്കത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ദുരിതം നേരിട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ഭയം രംഗത്ത് വന്നു. ഭീവണ്ടിയിലും മറ്റ് കലാപബാധിത പ്രദേശങ്ങളിലും അദ്ദേഹത്തിനും ഇബ്രാഹിം സുലൈമാന്‍ സേട്ടിനുമൊപ്പം സഞ്ചരിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. മഹാരാഷ്ട്ര അക്കാലത്ത് ഭരിച്ചവര്‍ക്ക് ബനാത്ത് വാലക്കൊപ്പം പോയി നിവേദനം സമര്‍പ്പിച്ചതും മറക്കാനാവില്ല. മലയാണ്‍ വേട്ട നിരന്തരം പരിപാടിയാക്കിയ ശിവസേനക്കെതിരെ മുംബൈ നഗരത്തില്‍ നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

മുസ്ലിം വ്യക്തിനിയമ സംരക്ഷണത്തിനു നല്‍കിയ സംഭാവനയായിരിക്കും ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുക. നിര്‍ബന്ധ വന്ധ്യംകരണം നിയമമാക്കാന്‍ മഹാരാഷ്ട്രാ നിയമ സഭയിലെ മൃഗീയ ഭൂരിപക്ഷം ശ്രമിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങി ഒപ്പു ശേഖരണം നടത്തി ബില്ലിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം തകര്‍ത്ത ബനാത്ത് വാല ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ച നേതാവായിരുന്നു.

അതുപോലെ മുസ്ലിംവനിതാ സംരക്ഷണ നിയമത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ബനാത്ത് വാലക്ക് അവകാശപ്പെടാം. ശാബാനു കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം വ്യക്തി നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ശരീഅത്ത് വിരുദ്ധരെ മുഴുവന്‍ തറപറ്റിച്ച നിയമനിര്‍മാണമായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്നത്. ബനാത്ത് വാല ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക ബില്‍ കൊണ്ടു വരികയായിരുന്നു. ലോക് സഭയിലെ ചെറിയ കക്ഷികളില്‍ ഒന്നായ മുസ്ലിംലീഗിന് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റിലെ നടപടി ചട്ടങ്ങളിലും നിയമത്തിലും അവഗാഹമുണ്ടായിരുന്ന ബനാത്ത് വാലയുടെ ധീരമായ നിലപാടിന് ലഭിച്ച അംഗീകാരമാണ്. വനിതാ സംരക്ഷണ ബില്‍ വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരീഅത്ത് അനുകൂലികള്‍ക്ക് കീഴടങ്ങിയെന്ന് പ്രചരിപ്പിച്ചവര്‍തന്നെ ഈ നിയമം മുസ്ലിം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഒന്നാണെന്ന് ഇന്ന് മാറ്റി പറയുന്നു.

ലോക്സഭയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞ കാലം ഞാന്‍ ഓര്‍ക്കുന്നു. പാര്‍ലിമെന്റിലെ എല്ലാ അംഗങ്ങളും കക്ഷി ഭേദമന്യേ ആദരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്. മഹാരാഷ്ട്രാ നിയമസഭയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതിന് കാരണമായത്. ആ തീരുമാനം ഒരിക്കലും തെറ്റായില്ല. പൊന്നാനിയില്‍ നിന്ന് ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തില്‍ നിന്ന് ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എന്ന റിക്കാര്‍ഡിന് അര്‍ഹനായി.

സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മതവും രാഷ്ട്രീയവും ഇന്ത്യയില്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു റഫറന്‍സാണ്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുസ്ലിംലീഗിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. മതേതര ജനാധിപത്യത്തിനും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും ധിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനായ നേതാവായിരുന്നു ബാനാത്ത് വാല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ ആവേശദായകമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.