Tuesday, September 1, 2015

ബനാത്ത്‌വാല എന്ന പോരാട്ട ജീവിതം

ആയിരക്കണക്കിനു ജനപ്രതിനിധികള്‍ കടന്നുപോയ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ പാണ്ഡിത്യത്തിന്റെയും അവതരണ ശൈലിയുടെയും ഭാഷാ സ്വാധീനത്തിന്റെയും മേന്മകൊണ്ട് വേറിട്ടുനിന്ന അമ്പതുപേരെയെടുത്താല്‍ അതിലൊരാള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ അഭിമാനമായ ജി.എം ബനാത്ത്‌വാലയായിരിക്കും. 1984ലെ ലോക്‌സഭാ കാലത്ത്, 'ഇന്ത്യാ ടുഡെ' വാരിക രാജ്യത്തെ മികച്ച പത്ത് പാര്‍ലമെന്റേറിയന്‍മാരെ തെരഞ്ഞെടുത്തതില്‍ ഒരാള്‍ ബനാത്ത്‌വാല സാഹിബായിരുന്നുവെന്നത് ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും ആവലാതികളും രാജ്യത്തിന്റെ അഖണ്ഡത നേരിടുന്ന വെല്ലുവിളികളും അധികാര കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തന്റെ മുന്‍ഗാമികളായ ഖാഇദേമില്ലത്തിന്റെയും പോക്കര്‍ സാഹിബിന്റെയും സി.എച്ചിന്റെയും പാത പിന്തുടര്‍ന്ന പ്രതിഭാശാലി. ആയുരാരോഗ്യമത്രയും തന്റെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെപ്പിടിച്ച് രാജ്യത്തിനും സമുദായത്തിനും വേണ്ടി പ്രയത്‌നിച്ച ആ വലിയ മനുഷ്യന്റെ വേര്‍പാടിന് ഇന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാവുകയാണ്.
ബനാത്ത്‌വാല എന്ന പേര് ഒരു വീര നായകന്റെ പരിവേഷത്തോടെ ചെറുപ്പകാലംതൊട്ട് കേട്ടുവന്നതാണ്. 1970കളുടെ തുടക്കം.

കോളജ് പഠനകാലം. തളിപ്പറമ്പ് സര്‍സയ്യിദില്‍ കൂടെ പഠിക്കുന്നവരില്‍ പലരുടെയും രക്ഷിതാക്കള്‍ ബോംബെയില്‍ തൊഴില്‍, വ്യാപാര ബന്ധമുള്ളവര്‍. മുംബൈ രാഷ്ട്രീയത്തില്‍ ശിവസേനക്കാര്‍ മണ്ണിന്റെ മക്കള്‍ വാദവുമായി തെരുവിലിറങ്ങിയ സംഘര്‍ഷഭരിതമായ ഘട്ടം. റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്നവര്‍തൊട്ട് ഹോട്ടല്‍ വ്യാപാരികള്‍ വരെയുള്ള മലയാളികളാണ് 'ശിവസേന'യുടെ ആക്രമണത്തിന് കൂടുതലായും ഇരകളാവുന്നത്. 'മറാഠികളല്ലാത്തവര്‍ ബോംബെ വിടുക' എന്നാണ് മുദ്രാവാക്യം. ജനസ്വാധീനം നഷ്ടപ്പെടുമ്പോള്‍ ശിവസേന പുറത്തെടുക്കുന്ന പതിവ് ആയുധമാണത്.

വാളും വടികളും മറ്റ് മാരകായുധങ്ങളുമായി തെരുവുകളില്‍നിന്ന് തല്ലിയോടിക്കുകയാണ് മലയാളികളെ കൂട്ടത്തോടെ. ജീവനെങ്കിലും ബാക്കി കിട്ടാന്‍ സാമ്പാദ്യങ്ങളെല്ലാമുപേക്ഷിച്ച് മലയാളികള്‍ പലായനം ചെയ്യുകയാണ്. വടക്കെ മലബാറിലെ മുംബൈ ബന്ധുക്കളുടെ വീടുകളില്‍ ആശങ്ക പുകയുന്നു. ശിവസേനക്ക് മുന്നില്‍ അധികൃതര്‍ മൗനം പാലിക്കുന്നു. മലയാളികളുടെ നിസ്സഹായാവസ്ഥയില്‍, മുംബൈ രാഷ്ട്രീയത്തിലെ ആരും തുണയില്ലാത്ത നേരത്ത് ഒരു മഹാരാഷ്ട്രക്കാരന്‍ നിര്‍ഭയനായി കടന്നുവരുന്നു. ശിവസേനക്കാരോട് എതിര്‍ക്കുന്നു. മലയാളികളോട് അവിടെത്തന്നെ തുടരാന്‍ ആവശ്യപ്പെടുന്നു.

അവര്‍ക്ക് നഷ്ടമായ സമ്പാദ്യങ്ങള്‍ വീണ്ടെടുക്കാനും സുരക്ഷക്കും അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആ ധീര നായകന്റെ പേരാണ് മുസ്‌ലിംലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത്‌വാല. പിന്നീട് ബനാത്ത്‌വാലാ സാഹിബിനെക്കുറിച്ച് കേള്‍ക്കുന്നതും വായിക്കുന്നതും മുഴുവന്‍ ആ ആവേശത്തോടെയാണ്.
1977ല്‍ കേരളത്തിന്റെ ജനപ്രതിനിധിയായി പാര്‍ലമെന്റിലേക്ക് പോകാന്‍ മുസ്‌ലിംലീഗ് നിശ്ചയിച്ചതിലൊരാള്‍ ഈ മഹാരാഷ്ട്രക്കാരനായിരുന്നു. പിന്നീട തൊരു റെക്കാര്‍ഡായി. മലയാളം സംസാരിക്കാനറിയാത്ത ഒരാള്‍ മലയാള നാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുക. അതും കാല്‍ നൂറ്റാണ്ടോളം. ഓരോ തെരഞ്ഞെടുപ്പിലും റെക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം. പാര്‍ലമെന്റ് രേഖകള്‍ പരിശോധിച്ചാലറിയാം എന്തുകൊണ്ടാണ് ബനാത്ത്‌വാലയെ മുസ്‌ലിംലീഗ് നിരന്തരം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പൊന്നാനിക്കാര്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചു വിജയിപ്പിച്ചതെന്നും.

ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ആക്രമണങ്ങളും ലഹളകളും മുംബൈ നഗരത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. മരണം പതിയിരിക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് മധ്യെ, പൊലീസിന്റെ നിറത്തോക്കുകള്‍ക്ക് മുന്നിലേക്ക് ബനാത്ത്‌വാല ധീരനായി നടന്നുചെന്നു. പരസ്പരം വാളോങ്ങിനിന്നവര്‍ ആ വെളുത്തു മെലിഞ്ഞ ശരീരത്തിനുള്ളില്‍നിന്ന് പുറത്തുവന്ന വാക്കുകള്‍ കേട്ട് തലതാഴ്ത്തി പിരിഞ്ഞുപോയി. പൊലീസുകാര്‍ അമ്പരന്നു നിന്നു. തിളച്ചു മറിയുന്ന കലാപങ്ങളെ വാക്കിന്റെ ശക്തികൊണ്ട് ശാന്തമാക്കാനും മരണത്തെ ഭയക്കാതെ ഇറങ്ങിച്ചെല്ലാനുമുള്ള ബനാത്ത്‌വാലയുടെ അസാധാരണ സിദ്ധി രാജ്യമെങ്ങും മനസ്സിലാക്കിയതാണ്.

ഉത്തരേന്ത്യയിലെ കലാപഭൂമികളില്‍ ആശ്വാസവുമായി ഓടിയെത്തുകയും തല്‍ക്ഷണം ഭരണാധികാരികളെയും തുടര്‍ന്ന് പാര്‍ലമെന്റിനെയും പ്രശ്‌നത്തിന്റെ മര്‍മ്മവും പരിഹാര മാര്‍ഗവും ബോധ്യപ്പെടുത്തുകയും ചെയ്യും. മരണത്തിന് ഏതാനും മാസം മുമ്പ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം വരെ ആ ശീലം അദ്ദേഹം തുടര്‍ന്നു. പക്ഷെ ഒരു പ്രകോപന ഘട്ടത്തിലും അദ്ദേഹം സമചിത്തത കൈവെടിയില്ല. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിച്ചു. ചട്ടങ്ങള്‍ പാലിച്ച്, നിയമങ്ങള്‍ ഉദ്ധരിച്ച്, ചരിത്രവും സംഭവവും സംക്ഷിപ്തമായി വിവരിച്ച്, വര്‍ത്തമാന രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് അദ്ദേഹം നടത്താറുള്ള പാര്‍ലമെന്റ് പ്രസംഗങ്ങള്‍ ചരിത്ര രേഖയാണ്. എക്കാലത്തെയും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ സ്രോതസ്സാണ്.

പ്രസംഗത്തിനിടെ പ്രയോഗിക്കുന്ന ഉപമകള്‍പോലും വലിയ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരിനെ അദ്ദേഹം വിശേഷിപ്പിച്ചത് 'ഓറഞ്ച് ഗവണ്‍മെന്റ്' എന്നാണ്. 'തൊലി പൊളിച്ചാല്‍ അല്ലികളായി അടര്‍ത്തി എടുക്കാവുന്ന' തോട് മാത്രമാണ് ജനതാ പാര്‍ട്ടി എന്ന് അദ്ദേഹം സ്ഥാപിച്ചു. താമസംവിനാ അതുതന്നെ സംഭവിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ബദലെന്ന് കൊട്ടിഘോഷിച്ച ആ മുന്നണിയും സര്‍ക്കാറും ഛിന്നഭിന്നമായി.

ബാബ്‌രി മസ്ജിദ് ഉള്‍പ്പെടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നത്തിലും ശരീഅത്ത് വിവാദത്തിലും മതപരിവര്‍ത്തന നിരോധനം, ഗോവധ നിരോധനം, ഏക സിവില്‍കോഡ് തുടങ്ങി മറ്റു മതേതരത്വ ന്യൂനപക്ഷ പൗരാവകാശ സംരക്ഷണ വിഷയങ്ങളിലും പാര്‍ലമെന്റില്‍ അദ്ദേഹം ഉയര്‍ത്തിയ വാദഗതികളെ പരാജയപ്പെടുത്താന്‍ ഒരിക്കലും എതിര്‍ ബെഞ്ചുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ധരണികളും പ്രയോഗങ്ങളും രാഷ്ട്രീയ ഗവേഷകര്‍ക്ക് ഭാവിയില്‍ പ്രയോജനപ്പെടുമെന്ന് അക്കാലത്ത് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ എഴുതി.

ഒരു ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ ഇടപെട്ട ബനാത്ത്‌വാലയുടെ സംസാരം സ്പീക്കര്‍ തടഞ്ഞു. റൂള്‍ ചൂണ്ടിക്കാട്ടി ബനാത്ത്‌വാല നിരന്തരം അവകാശവാദമുന്നയിച്ചു. ഒടുവില്‍ തെറ്റ് ബോധ്യപ്പെട്ട് സ്പീക്കര്‍ അദ്ദേഹത്തെ കൂടുതല്‍ വിശദീകരണത്തിനായി ചേംബറിലേക്ക് ക്ഷണിച്ചു. ''സ്പീക്കറുടെ ചേംബറിലേക്കല്ല, പാര്‍ലമെന്റിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നായിരുന്നു'' അതിന് ബനാത്ത്‌വാലയുടെ തല്‍സമയ മറുപടി എന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് എഴുതിയിട്ടുണ്ട്. ബനാത്ത്‌വാലയുടെ പ്രസംഗമുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുടക്കം വരാതെ അത് കേള്‍ക്കാന്‍ പാര്‍ലമെന്റില്‍ ഹാജരുണ്ടാകും.

ശരീഅത്ത് വിഷയത്തില്‍ ചെറിയ അംഗസംഖ്യയുള്ള പ്രതിപക്ഷ പ്രതിനിധിയായിട്ടും പാര്‍ലമെന്റില്‍ ആറു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് അവസരമൊരുക്കിക്കൊടുത്ത പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സമീപനവും ബനാത്ത്‌വാലാ സാഹിബിന്റെ അറിവിനോടും രാഷ്ട്രീയ, നിയമ പാണ്ഡിത്യത്തോടും പ്രതിഭയോടും വിഷയത്തിന്റെ ഗൗരവത്തോടുമുള്ള ആദരവായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ സംരക്ഷണത്തിനായാണ് ബനാത്ത്‌വാല നടത്തിയ പോരാട്ടങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയെ ആത്മാവ് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം.
മഹാരാഷ്ട്ര നിയമസഭാംഗത്വം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവി വരെ എഴുപത്തഞ്ച് വയസ്സിനുള്ളില്‍ വഹിച്ച പദവികളും ജീവിതവും സമൂഹത്തിന് സമര്‍പ്പിച്ചതായിരുന്നു. വായനയും എഴുത്തും പ്രസംഗവും പ്രവര്‍ത്തനവുമായി രാജ്യത്തെ നീതി നിഷേധിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും വേണ്ടി ഒരു പോരാട്ട ജീവിതം.

പി.കെ. കുഞ്ഞാലിക്കുട്ടി
Posted On: 6/25/2015
Chandrika Daily

0 comments:

Post a Comment