Tuesday, July 22, 2008

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഗര്‍ജ്ജിക്കുന്ന സിംഹം:കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌

ന്യൂഡല്‍ഹി: അത്യധികം ദു:ഖത്തോടും ഞെട്ടലോടും കൂടിയാണ്‌ ബനാത്ത്‌വാല സാഹിബിന്റെ ദേഹവിയോഗം ശ്രവിക്കാനായതെന്ന്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ്‌ പ്രസ്‌താവിച്ചു. ഇപ്പോഴും ബനാത്ത്‌വാല സാഹിബ്‌ വിട്ടുപിരിഞ്ഞു എന്ന്‌ വിശ്വസിക്കാനാവുന്നില്ല.കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈ സംസ്ഥാന മുസ്‌ലിംലീഗ്‌ സമ്മേളനത്തിലാണ്‌ ഞങ്ങള്‍ അവസാനമായി കണ്ടത്‌. ഇന്നലെ ഏറെനേരം ഫോണിലും സംസാരിച്ചിരുന്നു. എന്ത്‌ ചെയ്യാം സര്‍വ്വശക്തന്റെ വിധി.

അത്യഗാധമായ പാണ്ഡിത്യവും സ്വതസിദ്ധമായ ശൈലിയും ഭാഷാപരിജ്ഞാനവും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ദേശീയ രാഷ്‌ട്രീയ രംഗത്തും പാര്‍ലമെന്റിലും പാര്‍ട്ടി രംഗത്തും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കും അവശതയനുഭവിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിന്‌ പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി വേദികളിലും അദ്ദേഹം ചെയ്‌ത പ്രവര്‍ത്തനം ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ന്യൂനപക്ഷാവകാശങ്ങള്‍ക്ക്‌ വേണ്ടി ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു അദ്ദേഹം.മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തിനും സമൂഹത്തിനും സമുദായത്തിനും അദ്ദേഹം ചെയ്‌ത നിഷ്‌കാമകര്‍മ്മങ്ങള്‍ ഒരിക്കലും വിസ്‌മരിക്കാന്‍ കഴിയാത്തതാണ്‌.

ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ എല്ലാ സംസ്ഥാന, ജില്ലാ, പ്രാദേശിക ഘടകങ്ങളും മൂന്ന്‌ ദിവസം പരിപാടികളൊക്കെ മാറ്റിവെച്ച്‌ പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും ബനാത്ത്‌വാല സാഹിബിന്റെ മഗ്‌ഫിറത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതിനും മുസ്‌ലിംലീഗ്‌ പാര്‍ട്ടി തീരുമാനിച്ചതായും മന്ത്രി അഹമ്മദ്‌ അറിയിച്ചു.കര്‍ണ്ണാടക സംസ്ഥാന മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ മിര്‍സാ മുഹമ്മദ്‌ മഹിദ്‌, സെക്രട്ടറി ജാവേദുല്ല, ട്രഷറര്‍ എന്‍. അബൂബക്കര്‍ അനുശോചിച്ചു.


ചന്ദ്രിക ദിനപത്രം
Thursday, 26 June 2008

0 comments:

Post a Comment