Tuesday, July 22, 2008

1980ല്‍ പരിഭാഷകനായി കൂടെ..... വലിയ മനസ്സിനെ അടുത്തറിഞ്ഞ കാലം

ജി.എം. ബനാത്ത്‌വാല എന്ന വലിയ മനുഷ്യനെ കേട്ടറിവുണ്ടായിരുന്നെങ്കിലും അടുത്തറിയുന്നത്‌ 1980ലാണ്‌. പൊന്നാനി ലോക്‌സഭാ മണ്‌ഡലത്തില്‍ മത്സരിക്കുന്ന ലീഗ്‌ സ്ഥാനാര്‍ത്ഥി ബനാത്ത്‌വാലാ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അവസരം കൈവന്നു. എത്രയുംവേഗം തിരൂര്‍ ടൂറിസ്റ്റ്‌ ഹോമില്‍ എത്തണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. ചന്ദ്രികയില്‍ ഡ്യൂട്ടി ഏര്‍പ്പാടുവരുത്തി തിരൂരിലേക്ക്‌ വണ്ടി കയറുമ്പോള്‍ ഉല്‍ക്കണ്‌ഠ മാത്രമായിരുന്നു മനസ്സില്‍. എങ്ങനെയാവും അദ്ദേഹം പെരുമാറുക? പരിഭാഷയുടെ രംഗത്ത്‌ അമ്പേ പരാജയമാവുമോ? തിരൂര്‍ ടൂറിസ്റ്റ്‌ ഹോമിലെത്തിയപ്പോള്‍ മണ്‌ഡലം നേതാക്കളുടെ നടുവില്‍ നേതാവ്‌ ഇരിക്കുകയാണ്‌. ആരോ പരിചയപ്പെടുത്തി പരിഭാഷകന്‍ വന്നിരിക്കുന്നു.കുഞ്ഞാലിക്കുട്ടിക്കേയി, പരിയാരത്ത്‌ ബാവ, കുഞ്ഞുഹാജി, അബൂബക്കര്‍ ഹാജി തുടങ്ങി ഒട്ടേറെ നേതാക്കളൊടൊപ്പമായിരുന്നു യാത്ര.

ആര്യാടന്‍ മുഹമ്മദ്‌ ആയിരുന്നു ബനാത്ത്‌വാലയുടെ എതിരാളി. കോണ്‍ഗ്രസ്‌ എ.യുടെ പ്രതിനിധിയായ ആര്യാടന്‌ സി.പി.എം., സി.പി.ഐ., അഖിലേന്ത്യാ ലീഗ്‌, കേരള കോണ്‍ഗ്രസ്‌ (മാണി) എന്നീ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു. 1977നെ അപേക്ഷിച്ച്‌ തീ പാറുന്ന മത്സരമായിരുന്നു അന്ന്‌ പൊന്നാനിയില്‍ നടന്നത്‌.ബനാത്ത്‌വാല സാഹിബിന്റെ പ്രസംഗം കാമ്പുള്ളതും കുറിക്കുകൊള്ളുന്നതുമായിരുന്നു. വ്യക്തിപരമായ ആക്ഷേപം തൊട്ടുതീണ്ടിയിരുന്നില്ല. ലഘുവായ, സുന്ദരമായ ഇംഗ്ലീഷില്‍ നിര്‍ത്തിനിര്‍ത്തി അദ്ദേഹം പ്രസംഗിച്ചു. ഭാഷ സ്‌ഫുടവും സുതാര്യവുമായിരുന്നു. പരിഭാഷ അത്ര പ്രയാസമായി തോന്നിയില്ല. തെരഞ്ഞെടുപ്പ്‌ പ്രസംഗമായതുകൊണ്ട്‌ ഏതാണ്ട്‌ ഒരേ സ്വഭാവം എല്ലാ പ്രസംഗത്തിനുമുണ്ടായിരുന്നു. വിഷയങ്ങള്‍ പക്ഷെ വൈവിധ്യമായിരുന്നു. രാവിലെ ചെറിയ ചെറിയ സമ്മേളനങ്ങള്‍. വൈകുന്നേരത്തോടെ മഹാസമ്മേളനങ്ങളായി. പ്രസംഗവും ദീര്‍ഘിച്ചു.ഒന്നുരണ്ടു ദിവസംകൊണ്ട്‌ ആ വലിയ മനസ്സുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു.

പ്രസംഗം കഴിഞ്ഞ്‌ കാറില്‍ കയറുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കേയി സാഹിബിന്റെ രസകരമായ കമന്റുകള്‍ ഏറെ ഇമ്പം പകര്‍ന്നു. നാടന്‍ ഇംഗ്ലീഷില്‍ ബനാത്ത്‌വാല സാഹിബുമായി അദ്ദേഹം ആശയവിനിമയം നടത്തി. സാഹിബ്‌ പലപ്പോഴും കുലുങ്ങിക്കുലുങ്ങി ചിരിച്ചു.എല്ലാറ്റിനും കൃത്യതയുണ്ടായിരുന്നു അദ്ദേഹത്തിന്‌. അനാവശ്യമായ വാക്കുകള്‍ അദ്ദേഹം പറയുകയോ പ്രസംഗിക്കുകയോ ചെയ്‌തില്ല. പാണ്‌ഡിത്യത്തിന്റെ ബഹറായിരുന്നു അദ്ദേഹം. കൂടെയുള്ളവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചു. പ്രസംഗങ്ങളില്‍ നേതാക്കളുടെ പേരു പറയുന്ന കൂട്ടത്തില്‍ അഭിവന്ദ്യനായ പരിഭാഷകന്‍ എന്ന ആമുഖത്തോടെ ട്രാന്‍സ്‌ലേറ്ററെയും പരിചയപ്പെടുത്തി. വലിയ അംഗീകാരമായിരുന്നു അത്‌.

പൊന്നാനി മണ്‌ഡലത്തിലെ രണ്ടാമത്തെ മത്സരമായിരുന്നു ബനാത്ത്‌വാലയുടേത്‌. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ എം. മൊയ്‌തീന്‍കുട്ടിഹാജിയെ 1,18000 വോട്ടുകള്‍ക്കാണ്‌ ബനാത്ത്‌വാല പരാജയപ്പെടുത്തിയത്‌. 1980 കളുടെ ആ തെരഞ്ഞടുപ്പു ദിനങ്ങളില്‍ ബനാത്ത്‌വാലാ സാഹിബുമായി ഉണ്ടായ അടുപ്പം മരണംവരെയും അഭംഗുരം തുടര്‍ന്നു. ഏറ്റവുമൊടുവില്‍ ചെന്നൈയില്‍ തമിഴ്‌നാട്‌ ലീഗ്‌ സമ്മേളനത്തിന്‌ എത്തിയപ്പോഴാണ്‌ ഫോണില്‍ സംസാരിച്ചത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെപ്പറ്റിയുള്ള ആധിയായിരുന്നു എപ്പോഴും പ്രതിപാദ്യവിഷയം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബനാത്ത്‌വാലയെ പോലെ തിളങ്ങിയവര്‍ അപൂര്‍വ്വം. ബി.ബി.സി.യില്‍ എപ്പോഴും ബനാത്ത്‌വാല എന്ന പേര്‍ മുഴങ്ങിക്കേട്ടു. പാര്‍ലമെന്റില്‍ പത്ത്‌ മിനുട്ടാണ്‌ സമയമെങ്കില്‍ കൃത്യം പത്തു മിനുട്ടില്‍ ആ ഘോര പ്രസംഗം അവസാനിക്കും. ലോക്‌സഭാ സ്‌പീക്കര്‍മാര്‍ 'ബനാത്ത്‌വാലയെ മാതൃകയാക്കൂ' എന്നായിരുന്നു കമന്റ്‌ നടത്തിയിരുന്നത്‌.ശരീഅത്ത്‌ കാലത്ത്‌ ഇന്ത്യ മുഴുവന്‍ ബനാത്ത്‌വാല എന്ന ഏക പോയന്റില്‍ കേന്ദ്രീകരിച്ചു. സ്വന്തമായി ബില്ലവതരിപ്പിച്ച്‌ നിയമമാക്കി സഭയെ കയ്യിലെടുത്ത ബനാത്ത്‌വാലക്ക്‌ തുല്യനായി ബനാത്ത്‌വാല അല്ലാതെ മറ്റാരുമുണ്ടായിട്ടില്ല.

വിദേശിയാണെന്ന പ്രചാരണമായിരുന്നു ബനാത്ത്‌വാലക്കെതിരെ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നത്‌. ഇന്ത്യക്കാരന്‍ വിദേശിയോ എന്ന പേരില്‍ ബനാത്ത്‌വാല നല്‍കിയ മറുപടി എതിരാളികളെ പോലും നിലംപരിശാക്കി. ആയിരം വാക്കുകള്‍ക്ക്‌ ഒറ്റവാക്കുകൊണ്ട്‌ മറുപടി നല്‍കാന്‍ കഴിയുന്ന ആ കഴിവ്‌ ഒന്നു വേറെ തന്നെയായിരുന്നു.1980ല്‍ കോഴിക്കോട്ട്‌ നടന്ന എസ്‌.ടി.യു. സംസ്ഥാന സമ്മേളനത്തിലും യൂനിയന്‍ സംഘടിപ്പിച്ച നിരവധി പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു. പിന്നോക്കക്കാര്‍, അധ്വാനിക്കുന്നവര്‍, കഷ്‌ടപ്പെടുന്നവര്‍ എന്നിവര്‍ക്കായി സഭയില്‍ ശബ്‌ദമുയര്‍ത്തി. ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞ്‌ പ്രതികരണം നടത്തി.

പല പാര്‍ട്ടികള്‍ക്കും പാര്‍ലമെന്റില്‍ ധാരാളം അംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും എം.പി.മാരെന്ന നിലയില്‍ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനായില്ല. എന്നാല്‍ പ്രതിബദ്ധത കൊണ്ടും ആദര്‍ശ വിശുദ്ധികൊണ്ടും ബനാത്ത്‌വാല ശ്രദ്ധേയനായി. പാര്‍ലമെന്റിന്റെ കവാടത്തിലേക്ക്‌ അദ്ദേഹം നടന്നു കയറുമ്പോള്‍ എഴുന്നേറ്റു ബഹുമാനിക്കുന്നവര്‍ മാത്രം. അത്രക്കായിരുന്നു അംഗീകാരം.

0 comments:

Post a Comment