കാഴ്ചപ്പാടുകളുടെ ബനാത്ത്‌വാല ടി.എ. അഹമ്മദ് കബീര്‍ , (ഐയുഎംഎല്‍ സംസ്ഥാന സെക്രട്ടറി)
ചെന്നൈയില്‍ മുസ്‌ലിം ലീഗ് തമിഴ്നാട് സംസ്ഥാന സമ്മേളന വേദിയില്‍ ജി.എം. ബനാത്ത്‌വാല ചെയ്‌ത പ്രസംഗം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. രാഷ്ട്ര നിര്‍മാണവും സമുദായ സേവനവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ മുസ്‌ലിംകള്‍ ജാഗരൂകരായി അണിചേരണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചടങ്ങില്‍ ഏറെനേരം അദ്ദേഹം ചിന്താമഗ്നനായിരുന്നു. അദ്ദേഹത്തിന് ഉള്‍വിളി കിട്ടുകയായിരുന്നുവോ? സംഘബോധവും സംഘശൈലിയും നിലനിര്‍ത്താന്‍ വെമ്പല്‍കൊണ്ട ഇന്ത്യന്‍ നേതൃവൈഭവത്തിന്റെ കണ്ണിയായിരുന്നു ബനാത്ത്‌വാല.
ഖാഇദെമില്ലത്തിന്റെ ഇച്ഛാശക്‌തിയും കെ.എം. സീതി സാഹിബിന്റെ ദിശാബോധവും ഒത്തിണങ്ങിയ അനിതര സാധാരണമായ വ്യക്‌തിത്വം ആയിരുന്നു അത്. ഒന്നിനെയും വ്യക്‌തിനിഷ്ഠമായി നോക്കിക്കാണാത്ത അതിശയകരമായ വ്യക്‌തിത്വം. ശരീഅത്ത് വിവാദക്കാലത്ത് ആ ഇടിമുഴക്കം പാര്‍ലമെന്റിന് പുത്തന്‍ അനുഭവമായിരുന്നു.
താന്‍ കൊണ്ടുവരുന്ന സ്വകാര്യ നിയമ നിര്‍മാണ നിര്‍ദേശം രാജ്യത്തിന്റെ നിയമമായി അംഗീകരിപ്പിക്കാന്‍ കഴിയുന്ന മാന്ത്രികമായ കഴിവിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം. ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്ത് സ്പെഷല്‍ മാര്യേജ് ആക്ട് ചര്‍ച്ചാവേളയില്‍ ബി. പോക്കര്‍ സാഹിബ് കാട്ടിയ തന്റേടത്തിന്റെ വര്‍ത്തമാനകാല രൂപമായി അന്നത് മുസ്‌ലിം കേന്ദ്രങ്ങളിലാകെ കൊണ്ടാടപ്പെട്ടു. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്തും ആ പക്വതയും ദീര്‍ഘവീക്ഷണവും നമുക്ക് കൈമുതലായി മാറി.
അലിഗഡിന്റെയും ജാമിഅഃ മില്ലിയയുടെയും കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ അതിനിശിതമായ ദിശാബോധം അത്യപൂര്‍വമായ ഒാര്‍മക്കുറിപ്പുകളാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. വൈദേശിക നയങ്ങളില്‍ നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്നും ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അതിന്റെ അടിത്തറയാകണമെന്നും അദ്ദേഹം നിര്‍ദേശിു. സാമ്രാജ്യത്വത്തിന്റെ കുടില തന്ത്രങ്ങളുടെ കാണാച്ചരടുകള്‍ യഥാവിധി വിലയിരുത്തപ്പെടണമെന്നും മാനവികതയില്‍ ഉൌന്നിയ ഒരു ലോകക്രമം തേടുന്നവര്‍ കറുത്ത ശക്‌തികളുടെ വലയില്‍ വീഴരുതെന്നും അദ്ദേഹം ഒാര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.
മുസ്‌ലിം സമൂഹം ഇന്ത്യയില്‍ ദുര്‍ബലരും ബുദ്ധിശൂന്യരുമായ ഒരാള്‍ക്കൂട്ടമല്ലെന്നും അവസരങ്ങള്‍ തേടി സമയം പാഴാക്കുന്നതിനു പകരം അവസരം ഒരുക്കി മുന്നേറണമെന്നും അദ്ദേഹം ഒരധ്യാപകന്റെ ശൈലിയില്‍ സമുദായത്തെ പഠിപ്പിച്ചു. ഒരു കൊല്ലത്തിനിടയില്‍ ദേശീയതലത്തിലുള്ള ഒട്ടേറെ സമ്മേളനങ്ങള്‍ സ്വയം മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരെയും വൈകാരിക മൂര്‍ച്ഛയില്‍ എടുത്തുചാടുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു.ശക്‌തമായ വാക്കുകളില്‍ താക്കീത് ചെയ്‌തു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിച്ച് ജനായത്തത്തിന്റെ വിപുലമായ സാധ്യതകളെ തകിടം മറിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തുകൊണ്ടേയിരുന്നു. ഗുരുതരമായ രാഷ്ട്രീയ മാറ്റങ്ങളുടെ അടിയൊഴുക്കുകള്‍ മനസ്സിലാക്കി നിലപാടുകളെടുക്കാന്‍ സമുദായം പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. തെറ്റായ ഒരു തീരുമാനം എത്രയോ തലമുറകളെ തീ തീറ്റിക്കുമെന്ന് അനുഭവങ്ങളുടെ നീണ്ട പട്ടിക നിരത്തിക്കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത് വീര്‍പ്പടക്കിയാണ് ഞങ്ങളുടെ തലമുറ കേട്ടു നിന്നത്.
മലയാള മനോരമ