ബനാത്ത്‌വാല ഒരു മുംബൈവാല നേതാവാണെന്ന് ആരൊക്കെ പറഞ്ഞാലും പൊന്നാനിക്കാര്‍ സമ്മതിച്ചുതരില്ല. അതുകൊണ്ടാണ് ഏഴുതവണ അവര്‍ പൊന്നാനിയില്‍ നിന്നു പൊന്നുപോലെ അദ്ദേഹത്തെ ലോക്സഭയിലെത്തിച്ചത്. അതുകൊണ്ടു തന്നെ അന്നാട്ടുകാര്‍ അദ്ദേഹത്തെ പാര്‍ലമെന്റിലെ പൊന്നാനി വാലയാക്കി. അദ്ദേഹത്തില്‍ പൊന്നാനിക്കാര്‍ അര്‍പ്പിച്ച വിശ്വാസത്തിനു പാര്‍ട്ടിയിലെ പിളര്‍പ്പുപോലും കോട്ടം ഏല്‍പ്പിച്ചില്ല.
മുസ്‌ലിം ലീഗിലെ പിളര്‍പ്പിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ 117,546 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്‌വാല തെളിയിച്ചതും അതാണ്. ബനാത്ത്‌വാലയ്ക്കു ലഭിച്ചത് 269,491 വോട്ട്. അന്നു വിമത മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലായിരുന്നു. വിമത ലീഗിലെ എം. മൊയ്‌തീന്‍കുട്ടി ഹാജിക്ക് അന്നു ലഭിച്ചത് 151,945 വോട്ട്.
പഠിക്കുകയാണെങ്കില്‍ ഇങ്ങനെ വേണമെന്നു പറഞ്ഞു ചില കുട്ടികള്‍ മാര്‍ക്ക് വാരിക്കൂട്ടി അധ്യാപകരെ വരെ അമ്പരപ്പിക്കുന്നതു പോലെയായിരുന്നു ഒാരോ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയുടെ ഭൂരിപക്ഷം. അതിങ്ങനെ എണ്ണിത്തുടങ്ങുമ്പോഴേക്കു തന്നെ ലക്ഷങ്ങളിലെത്തും. അങ്ങനെ നോക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ടെന്‍ഷന്‍ വോട്ടെണ്ണിത്തുടങ്ങുമ്പോഴേ ഇല്ലാതാക്കിക്കൊടുത്തു സഹായിക്കുന്ന അപൂര്‍വം സ്ഥാനാര്‍ഥികളിലൊരാളായിരുന്നു ബനാത്ത്‌വാല. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കിട്ടിയ തിരഞ്ഞെടുപ്പിലും ബനാത്ത്‌വാലയെ ഭൂരിപക്ഷത്തിലെ 'ലക്ഷം കൈവിട്ടില്ല. 1980ല്‍ ആര്യാടന്‍ മുഹമ്മദിനോടു മല്‍സരിച്ചു ജയിച്ച ആ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം അരലക്ഷത്തിനു
മുകളിലെത്തി. കൃത്യമായി പറഞ്ഞാല്‍ 50,866. അന്ന് ആര്യാടന്‍ ഉള്‍പെട്ട കോണ്‍ഗ്രസ് (യു) ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. 1999ല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമായിരുന്നു ബനാത്ത്‌വാലയുടേത് - 130,478.
പഴയ മുസ്‌ലിം ലീഗിന്റെ വകഭേദമായി ബോംബെ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഫോര്‍ത്ത് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചു രാഷ്ട്രീയവേദികളില്‍ എത്തിയ അദ്ദേഹം മുഹമ്മദാലി ജിന്നയുടെ മരുമകനായ പീര്‍മുഹമ്മദിനു വേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇതിനിടയില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സമ്മേളന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ സി.എച്ച്. മുഹമ്മദ് കോയയുമായി ബന്ധപ്പെട്ടു സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം പീര്‍മുഹമ്മദ് പ്രസിഡന്റായ ബോംബെ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയിലേക്കെത്തി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് 1961ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബനാത്ത്‌വാലയെ പരാജയപ്പെടുത്തിയ മുസ്‌തഫാ ഫക്കി, ബനാത്ത്‌വാല അധ്യാപകനായ അന്‍ജുമന്‍ സ്കൂളിന്റെ ഭാരവാഹിയായിരുന്നു. ആ ഏറ്റുമുട്ടലിനെ തുടര്‍ന്നു ജോലി രാജിവച്ച ബനാത്ത്‌വാല കുറച്ചൂകാലം സുഹൃത്തിനൊപ്പം ട്യൂട്ടോറിയല്‍ കോളജ് നടത്തി.
1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത് ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ് ആക്ട്) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട് അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്.
ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്: ബനാത്ത് വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.
രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട് ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. റിലിജിയന്‍ ആന്‍ഡ് പൊളിറ്റിക്സ് ഇന്‍ ഇന്ത്യ, മുസ്‌ലിം ലീഗ്, ആസാദി കേ ബാദ് (ഉറുദു) തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബനാത്ത്‌വാലയുടെ വേര്‍പാടോടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ പക്വതയുള്ള ശബ്ദമാണു നിലച്ചത്.
മനോരമ ദിനപത്രം
ജൂണ്‍ 25. /2008 ബുധന്‍
Sunday, October 5, 2008
പൊന്നാനിവാല
9:19 PM
Unknown
No comments
0 comments:
Post a Comment