Tuesday, July 1, 2008

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍

പൂവിന്റെ നിഷ്കളങ്കതയുള്ള ഉരുക്കു മനുഷ്യന്‍ (എം.പി.അബ്ദുസ്സമദ്‌ )സമദാനി


തലയെടുപ്പോടുകൂടി പാര്‍ലമെന്റിന്റെ വരാന്തയിലൂടെ ജി.എം. ബനാത്ത്‌വാല നടന്നുനീങ്ങുകയാണ്‌. പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവടക്കം ഒട്ടേറെ ദേശീയ നേതാക്കന്‍മാരുടെ വ്യക്‌തിത്വഗാംഭീര്യത്തിന്‌ അലങ്കാരം ചാര്‍ത്തിയ പൈജാമയും കുര്‍ത്തയും ഷെര്‍വാനിയും തലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കറുത്ത തൊപ്പിയും ധരിച്ച്‌ കൈയിലൊരു ബാഗും തൂക്കി രാജകീയ പ്രൌഢിയോടെ അദ്ദേഹം കടന്നുപോകുമ്പോള്‍ അഭിവാദ്യംചൊത്തവരായി ആരുമില്ല.



ബനാത്ത്‌വാലയുടെ പാര്‍ലമെന്റ്‌ പ്രഭാഷണങ്ങള്‍ ഒന്നിനൊന്നു മികവുറ്റതായിരുന്നു. സമയപരിധി പരിഗണിക്കാതെ അദ്ദേഹത്തിന്‌ അവസരം നീട്ടിക്കൊടുക്കാന്‍ സ്പീക്കര്‍മാര്‍ തയാറായി. വാക്കുകളുടെ കുത്തൊഴുക്കായിരുന്നു ആ പ്രഭാഷണം. ഇടയ്ക്ക്‌ കത്തിക്കയറും. ചാട്ടുളിപോലുള്ള വിമര്‍ശനം കൊള്ളേണ്ടിടത്തു കൊള്ളുമ്പോള്‍ പലര്‍ക്കും പൊള്ളുമായിരുന്നു.

പാര്‍ലമെന്റിനു പുറത്തും ബനാത്ത്‌വാലയുടെ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു. പ്രസംഗത്തിന്റെ മര്‍മം കണ്ടറിഞ്ഞ വാഗ്മിയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്‌ ഭാഷയിലുള്ള അഗാധജ്ഞാനം ആ വാഗ്മിതയെ വശ്യമനോഹരമാക്കി.പാര്‍ലമെന്റ്‌ നടപടികളില്‍ അദ്ദേഹം സജീവ താല്‍പര്യം പ്രകടിപ്പിച്ചു. ചരിത്രപ്രധാനമായ പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. അതിനുവേണ്ടി ധാരാളം റഫറന്‍സ്‌ നടത്തിയിരുന്നു. പഠനങ്ങളില്‍ മുഴുകാനും അദ്ദേഹം സമയം കണ്ടെത്തി. ബനാത്ത്‌വാലയുടെ ബില്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ പാസാക്കുന്ന സംഭവത്തിലും പാര്‍ലമെന്റ്‌ സാക്ഷിയായി. ഏറെ വിവാദമുയര്‍ത്തിയ ഷബാനു കേസിന്റെ വിധിയെ തുടര്‍ന്ന്‌ അദ്ദേഹം അവതരിപ്പി ബില്ലാണ്‌ പിന്നീട്‌ മുസ്‌ലിം വനിതാ ബില്ലായി ഗവണ്‍മെന്റ്‌ പാസാക്കിയത്‌. മുസ്‌ലിം വ്യക്‌തി നിയമത്തിന്റെ സംരക്ഷണത്തിനായി അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നടത്തിയ ചരിത്രപ്രധാനമായ നീക്കമായിരുന്നു അത്‌. ഇബ്രാഹിം സുലൈമാന്‍ സേട്ടും ബനാത്ത്‌വാലയും ഒന്നി്‌ പാര്‍ലമെന്റില്‍ ശോഭിച്ചു നിന്ന കാലമായിരുന്നു അത്‌.

ഇരുവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനും ന്യൂനപക്ഷ രാഷ്ട്രീയത്തിനും കരുത്തുറ്റ സംഭാവനകള്‍ നല്‍കി. പാര്‍ലമെന്റിനെയും പാര്‍ലമെന്റ്‌ നടപടികളെയും അതീവ ഗൌരവത്തോടെയാണ്‌ അദ്ദേഹം നോക്കിക്കണ്ടത്‌. സദാസമയവും ബനാത്ത്‌വാലയുടെ കൈയില്‍ പാര്‍ലമെന്ററി ഫയലുകള്‍ കാണാമായിരുന്നു. പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ ഇടവേളകളില്‍ അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ പോയിരുന്നത്‌ ലൈബ്രറിയിലേക്കാണ്‌. ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗൃഹപാഠം ചെയ്‌ത്‌ ആവശ്യമായ ഒരുക്കങ്ങളോടെ പാര്‍ലമെന്റിലെത്തിയിരുന്ന അദ്ദേഹത്തില്‍നിന്ന്‌ യുവ എംപിമാര്‍ക്ക്‌ ധാരാളം പഠിക്കാന്‍ സാധിച്ചിരുന്നു.

തിരക്കിട്ട പൊതുജീവിതത്തിന്റെ ഒാ‍ട്ടത്തിനിടയില്‍ പുസ്‌തകങ്ങള്‍ എഴുതാനും ബനാത്ത്‌വാല സമയം കണ്ടെത്തി. ഉര്‍ദുവിന്റെ കാവ്യസംസ്കൃതി അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിന്‌ ചാരുത പകര്‍ന്നു. നമ്മള്‍ രണ്ടുവരി കവിത ചൊല്ലുകയേ വേണ്ടൂ. പ്രതികരണമായി ഒട്ടേറെ കവിതകള്‍ അദ്ദേഹം അവതരിപ്പിക്കും. കവിത കേട്ടു ചിരിക്കാനും രസിക്കാനും തമാശകള്‍ പറയാനും എല്ലാം അദ്ദേഹത്തിന്‌ അതിയായ താല്‍പര്യമായിരുന്നു.

ഒരിക്കല്‍ ബനാത്ത്‌വാലയുടെ പിന്നാലെ പാര്‍ലമെന്റ്‌ വരാന്തയിലൂടെ നടന്നുപോകുകയായിരുന്നു. റസ്റ്റാറന്റില്‍നിന്നു ഭക്ഷണം കഴിച്ചുള്ള മടക്കമായിരുന്നു. വിശുദ്ധ പ്രവാചകനെക്കുറിു‍ള്ള ഒരു കവിത ഞാന്‍ ചൊി‍യപ്പോള്‍ അതിനു മറുപടിയായി പ്രവാചകനെക്കുറിച്ചുതന്നെ ഒട്ടേറെ കവിതകള്‍ അദ്ദേഹം ചൊല്ലി. പൂവിന്റെ നിഷ്കളങ്കതയുള്ള ഇൌ‍ ഉരുക്കുമനുഷ്യന്‍ കടന്നുപോകുമ്പോള്‍ മനസ്സ്‌ ഒരു ഉര്‍ദുകവിയുടെ തേങ്ങലിലൂടെ വിതുമ്പുന്നു:

'നിങ്ങളെക്കുറിച്ചു കേട്ടത്‌ നിങ്ങള്‍ മണ്ണില്‍നിന്നു വന്നു എന്നാണ്‌.എന്നാല്‍ നിങ്ങളെ കാണുമ്പോഴോ എനിക്കു തോന്നുന്നുനിങ്ങളുടെ പ്രകൃതത്തില്‍ ചന്ദ്രശോഭയും നക്ഷത്രവീര്യവുമുണ്ടെന്ന്‌

മലയാള മനോരമ